Sunday, April 15, 2018

VAIKOM

ഇന്ന് ചാത്തങ്കുടി ഭഗവതി ക്ഷേത്രത്തിൽ ഗരുഡൻ തൂക്കം വൈക്കം കവലയിൽ നിന്നും വടക്കോട്ട് 2കിലോമീറ്റർ ഉദയനാപുരം ബസ്സ്റ്റോപ്പിന് മുമ്പ് ഇടതു വശത്തായി ചാത്തങ്കുടി ഭഗവതി ക്ഷേത്രം സ്ഥിതി ചെയ്യുന്നു. അറുനൂറിൽപരം വർഷങ്ങളുടെ പഴക്കം. ഉടമസ്ഥാവകാശവും തന്ത്രവും മോനാട്ടു മന. പടിഞ്ഞാറു ദർശനം. ശ്രീ കോവിലിന് തെക്കുവശം ഗണപതി. (ശ്രീകോവിലിൽ തന്നെയായിരുന്ന ഗണപതി വിഗ്രഹം പ്രശ്ന വിധിയെ തുടർന്ന്, ശ്രീകോവിലിനോട് ചേർന്ന് തെക്കുവശത്ത് ചെറിയ ഒരു ആലയം ഉണ്ടാക്കി പ്രതിഷ്ഠിച്ചു). പുറത്ത് വടക്കുവശത്ത് നാഗരാജാവ്, ചാത്തൻ സ്വാമി, യക്ഷിയമ്മ. വഴിപാടുകൾ: ഗുരുതി, കരിങ്കുരുതി, പുഷ്പാഞ്ജലികൾ, നെയ് പായസം. അറനാഴി പ്രധാന വഴിപാടാണ്. ( ചൊവ്വ, വെള്ളി, ഞായർ ദിവസങ്ങളിൽ അറ നാഴിക്ക്, നല്ല തിരക്കാണ് ) ചാത്തന് അട നിവേദ്യവും നടന്നു വരുന്നു. ഇത് വിഷു കർക്കിടക മകരസംക്രമ ദിവസങ്ങളിലാണ്. ഇതിനു നേരത്തെതന്നെ ബുക്ക് ചെയ്ത് വൻ തിരക്കനുഭവപ്പെടുന്നു. മീനം 25ന് ഗരുഡൻ തൂക്കം ഗംഭീരമായി ആഘോഷിക്കുന്നു. ഇതിനു മുന്നോടിയായി, 13 മുതൽ 24 വരെ കളമെഴുത്തും പാട്ടും നടക്കുന്നു ആദ്യ മൂന്നു ദിവസം നാഗരാജാവിന്റെയും നാഗയക്ഷിയുടെയും കളം. ഈ മൂന്നു ദിവസവും സർപ്പക്കാവിൽ തളിച്ചു കൊടയ്ക്കു ശേഷം കളം മായ്ച്ച് പൊടി ഭക്തർക്ക് വിതരണം ചെയ്യുന്നു. 16 മുതല്‍ ദേവിയുടെയും ശാസ്താവിന്റെയും കളമാണ് വരയ്ക്കുന്നത്16 മുതൽ 24 വരെ രാത്രി താലപ്പൊലി. ക്ഷേത്രത്തിൽ നിന്നും അഞ്ഞൂറു മീറ്റർ അകലെയുള്ള ആൽ ചുവട്ടിലേക്ക് ദേവി എഴുന്നള്ളും. അവിടെ നിന്നും താലപ്പൊലിയുടെ അകമ്പടിയോടെ ക്ഷേത്രത്തിൽ തിരിച്ചെത്തി ദേവിയെ കളത്തിൽ ഇരുത്തി, പൂജയ്ക്കു ശേഷം ദേവിയെ ശ്രീകോവിലിൽ എഴുന്നള്ളിക്കും. പാട്ടിനു ശേഷം കളം മായ്ച്ച് പൊടി ഭക്തർക്കു നൽകുന്നു. തേരോഴി രാമകുറുപ്പാണ് കളം എഴുതുന്നതിനും പാട്ടിനും നേതൃത്വം നൽകുന്നത്. 25ന് ഗരുഡൻ തൂക്കം. തൂക്കം വഴിപാട് നടത്തുന്നവരുടെ വീടുകളിൽ തലേദിവസം തന്നെ തിരക്ക് തുടങ്ങും. ബന്ധുമിത്രാദികൾ എല്ലാം വന്നു ചേരും. ചിലർ ഇരട്ട തൂക്കമാണ് നടത്തുക. ഒരു ചാടിൽ രണ്ടു ഗരുഡൻ. ക്ഷേത്രത്തില്‍ ഒരു ഗരുഡനു ഒരു അറനാഴി വീതം നടത്തണം. ഗരുഡ വേഷക്കാർ അതി രാവിലെ ക്ഷേത്രത്തിൽ വന്ന് കാപ്പ് കെട്ടുന്നു.വൈകിട്ട് വഴിവാട് കാരന്‍റെ വീട്ടിൽ മണിക്കൂറുകള്‍ ഗരുഡന്‍ പയറ്റുകള്‍ ഉണ്ടാകും. അതിനു ശേഷം ചാടില്‍ കയറി മേളത്തിന്റെ അകമ്പടിയോടെ ക്ഷേത്രത്തിലേക്ക് പുറപ്പെടുന്നു. എല്ലാ തൂക്കങ്ങളും രാത്രി പതി നൊന്നു മണിയോടെ ക്ഷേത്രത്തിനു മുമ്പിലുള്ള പാടത്തിൽ അണിനിരക്കും. അവിടെ എല്ലാ തൂക്കങ്ങളുടെയും മേളക്കാർ ചേർന്ന് നടത്തുന്ന മേളത്തിനൊപ്പം ഗരുഡന്മാർ പയറ്റു നടത്തുന്നു. പിന്നീട് ക്ഷേത്രത്തിന് പ്രദിക്ഷണം വച്ച് ഗരുഡൻമാർ തെക്ക് പടിഞ്ഞാറെ മൂലയിലെ സ്റ്റേജിൽ ചാടിൽ നിന്നും കയറി നിൽക്കുന്നു. അൽപ്പസമയത്തെ മേള വിസ്താരത്തിനു ശേഷം നടന്ന്പ്രദിക്ഷണം വച്ചു നടയിൽ നമസ്കരിക്കുന്നതോടു കൂടി,ചടങ്ങുകൾ വെളുപ്പിന് നാലു മണിയോടെ അവസാനിക്കുന്നു. ഈ വർഷം പതിനാറു ചാടിൽ ഇരുപത്തിനാലു ഗരുഡൻ ആണ് വഴിപാടാക്കിയിരിക്കുന്നത്. എല്ലാവർഷവും കരക്കാരുടെ തൂക്കം ഉണ്ടാകും. ആദ്യം ക്ഷേത്രത്തിൽ പ്രവേശിക്കാനുള്ള അവകാശം അവർക്കാണ്. മീനഭരണി കുംഭകുടം വിപുലമായി ആഘോഷിക്കുന്നു ഉത്സവം 1999ൽ ധ്വജ പ്രതിഷ്ഠ നടന്നു. വിജയദശമി ദിവസം ആറാട്ട് വരത്തക്കവണ്ണം എട്ടു ദിവസത്തെ ഉത്സവം. ആര്‍ഭാടങ്ങളെക്കാള്‍ ആചാരങ്ങള്‍ക്കും അനുഷ്ഠാനങ്ങള്‍ക്കും പ്രാധാന്യം നല്‍കി വരുന്നു. എന്റ തറവാടായ വയലാറ്റുമഠത്തിൽ നിന്നും വിളിപ്പാടകലെയാണ് ഈ ക്ഷേത്രം. എനിക്ക് ഓർമ്മ വച്ചപ്പോഴുള്ള ക്ഷേത്രത്തെ ക്കാൾ വളരെ അധികം പുരോഗമന പ്രവർത്തനങ്ങൾ നടന്നു കഴിഞ്ഞു. പഴക്കം ചെന്ന ഓട് കെട്ടിടം, പഴയ അളവിന് ഒരു വ്യത്യാസവും വരാതെയാണ് പുനർനിർമ്മാണം നടത്തിയിരിക്കുന്നത്. അടുത്ത കാലത്താണ് ശ്രീകോവിൽ ചെമ്പോല പൊതിഞ്ഞത്. വാദ്യ വിദഗ്ദരായ ശ്രീ തേരോഴി രാമകുറുപ്പ് (എൻറ ക്ലാസ് മേറ്റ് ) മക്കൾ ഉദയനാപുരം ഉണ്ണികൃഷ്ണൻ, ഹരി, വൈക്കം ചന്ദ്രൻ മാരാർ, ഇവർ കുട്ടിക്കാലം മുതൽ ഈ ക്ഷേത്രവുമായി ഇഴുകി ചേർന്ന് ജീവിക്കുന്നു. വൈക്കം വിജയലക്ഷ്മി അരങ്ങേറ്റം നടത്തിയതും ഈ ക്ഷേത്രത്തിലാണ്. ഭക്തരുടെ ദുഖങ്ങൾ അകറ്റി കരുണാമയി ആയി വാണരുളുന്നു. ആപദീ കരണീയം സ്മരണീയം ചരണ യുഗളാം അംബായാം. ദുഖങ്ങൾക്കറുതി വരുത്താൻ ആ പാദങ്ങളിൽ നമസ്കരിക്കുന്നു. ഈ പുണ്യദിനത്തിൽ ദേവി എല്ലാവരിലും അനുഗ്രഹം ചൊരിയട്ടെ. അമ്മേ നാരായണാ! ദേവീ നാരായണാ!!

No comments: