Monday, April 23, 2018

ഇന്ന് പത്താമുദയം കാലാക്കല്‍ ക്ഷേത്രത്തിൽ പത്താമുദയവും തടി നിവേദ്യവും വൈക്കം ക്ഷേത്രത്തിന്റ തൊട്ട് പടിഞ്ഞാറു വശത്താണ് ഈ ക്ഷേത്രം. കാലാക്കൽ വല്യച്ചൻ, മുഖ്യ പ്രതിഷ്ഠ.(കാലാക്കൽ കാവുടയോൻ എന്നും അറിയപ്പെടുന്നു. വൈക്കത്തപ്പന്റ വാഹനമായ നന്തി എന്നാണ് ഐതിഹ്യം. അത്താഴപ്പൂജ കഴിഞ്ഞ് നടയടച്ചു കഴിഞ്ഞാൽ വെളുപ്പിന് പള്ളി ഉണർത്തുന്നതു വരെ,വൈക്കം ക്ഷേത്രത്തിന്റ സംരക്ഷണ ചുമതല വല്യച്ചനാണ്. പണ്ഡിതനും വൈക്കത്തപ്പന്‍റെ പരമ ഭക്തനും ആയിരുന്ന പാച്ചു മൂസ്സത് അദ്ദേഹത്തിന്റെ സമ്പൂര്‍ണ്ണഭജനത്തിന്റെ ഭാഗമായി രാത്രി പ്രദിക്ഷണം വെയ്ക്കുന്ന സമയം ഒരു രൂപം താഴികക്കുടത്തില്‍ പിടിച്ചു ചുറ്റു മതിലില്‍ കൂടി നടക്കുന്നതു കണ്ടുവത്രെ. അത് വല്യച്ചന്‍ ആയിരുന്നു. മോക്ഷണ ശ്രമം നടന്ന സമയത്ത് ആജാനുബാഹുവായ രൂപം കണ്ടു ഭയന്ന് പിന്മാറിയോടിയ കഥയും ഉണ്ട്. വൈക്കത്തപ്പന്‍ ക്ഷേത്രം വിട്ടു പുറത്തു പോകുമ്പോള്‍, ഈ ക്ഷേത്രത്തിലെ വാളാണ് അകമ്പടിയായി എഴുന്നള്ളിക്കുന്നത്. കാലാക്കല്‍ കുടുംബം വക ക്ഷേത്രം ആയിരുന്നു. വൈക്കം ക്ഷേത്രത്തില്‍ നിന്നും വർഷം തോറും ഒരു തുക നല്‍കിവന്നിരുന്നു. ഇപ്പോള്‍ തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് ബോര്‍ഡ്‌ ഏറ്റെടുത്തിരിക്കുന്നു. മറ്റു പ്രതിഷ്ഠകള്‍ ഘണ്ടാകര്‍ണ്ണന്‍ ഭഗവതി നാഗരാജാവ് നാഗയക്ഷി അയ്യപ്പന്‍ താലി എഴുന്നള്ളിപ്പ് പത്താമുദയത്തിനു മുന്നോടിയായി, മീനം ഒന്നു മുതൽ മേടം ഏഴ് വരെ നടക്കുന്നു. അരയിൽ മണികെട്ടി വാളുമേന്തി, കുത്തു വിളക്കിന്റേയും ചെണ്ടയുടേയും അകമ്പടിയോടെ വെളിച്ചപ്പാട് വൈക്കം പ്രദേശത്തിന്റ എല്ലാ ഭവനങ്ങളിലും എത്തുന്നു. രാത്രിയാകുമ്പോൾ ഏതെങ്കിലും ഭക്ത ഗൃഹത്തിൽ ഇറക്കി അടുത്ത ദിവസം രാവിലെ തുടരുന്നു. പ്രധാന വിശേഷമായ പത്താമുദയം മഹോത്സവത്തിന് മേടംഎട്ടു മുതല്‍ പന്ത്രണ്ടു വരെ ചടങ്ങുകള്‍ നടക്കും. 8,9,10 തീയതികളില്‍ സര്‍പ്പങ്ങള്‍ക്കു കളമെഴുത്തും പാട്ടും നടക്കും. പത്തിന് ഭഗവതിക്ക് കളം എഴുത്തും പാട്ടും. പതിനൊന്നിനു ഗന്ധര്‍വന്‍ കളവും പാട്ടും. പന്ത്രണ്ടിന് പല കേന്ദ്രങ്ങളില്‍ നിന്നും വരുന്ന തടി തുള്ളല്‍ വഴിവാടും സമര്‍പ്പണവും. തടി നിവേദ്യം . അരിപൊടി, ശര്‍ക്കര, കദളിപഴം, മുന്തിരി, ഏലക്ക, തുടങ്ങിയവ ഉരുളിയില്‍ ചെറുതായി പാകപ്പെടുത്തി, കവുങ്ങിന്‍ പാളകൊണ്ട് കൂട് പോലെ ഉണ്ടാക്കി അതില്‍ നിറക്കുന്നു. ഇത് മണ്ണിനടിയില്‍ കുഴിച്ചിട്ട് പുറത്തു തീ കൂട്ടിയെട്ടു ചുട്ടെടുക്കുകയാണ്. ഇത് വളരെ ശുദ്ധമായും ഭയ ഭക്തിയോടെയും ആണ് ഉണ്ടാക്കുന്നത്. ലോകത്ത് മറ്റെങ്ങും ഇത്തരം പൂര്‍ണ്ണമായും പ്രകൃതി ദത്തമായ ഓവനില്‍ തയ്യാറാക്കുന്ന നിവേദ്യം ഉണ്ടോ എന്ന് സംശയമാണ്) രാവിലെ കുഴിച്ചിടുമ്പോഴും ഉച്ചക്ക് തിരിച്ചിട്‌മ്പോഴും വൈകിട്ട് എടുക്കുമ്പോഴും മേള അകമ്പടി ഉണ്ടാകും. പരിചയ സമ്പന്നതയും അര്‍പ്പണ ബുദ്ധിയും വേണ്ട ഒരു കര്‍മ്മം. കവിങ്ങിന്‍ പാളയില്‍ ഉണ്ടാക്കുന്ന പല വലിപ്പത്തിലുള്ള ചുട്ടെടുത്ത തടി, ഈര്‍ക്കില്‍ കൊണ്ട് ആള്‍രൂപത്തിലും ഗരുഡ രൂപത്തിലും കൂട്ടി യോജിപ്പിക്കുന്നു. ഇതാണ് എഴുനള്ളിച്ചു തുള്ളി ക്ഷേത്രത്തില്‍ സമര്‍പ്പിക്കുന്നത്. ഘണ്ടാകര്‍ണ്ണനും വലിയച്ഛനും ആണ് നിവേദ്യം നടത്തുന്നത്. ക്ഷേത്രത്തില്‍ തടി നിവേദ്യത്തിന്റെ തിരക്ക് ക്രമാതീതമായി വര്‍ദ്ധിചിരിക്കുന്നതിനാല്‍ ഇപ്പോള്‍ തടി ഉണ്ടാക്കുനത് മൂന്ന് ദിവസം ആക്കിയിട്ടുണ്ട്. നേരത്തെ മേടം പന്ത്രണ്ടാം തീയതി മാത്രം ആയിരുന്നത് ഇപ്പോള്‍ 10,11 തീയതികളില്‍ കൂടി ചെയ്യുന്നുണ്ട്. വളരെ രുചികരമായ ഒരു വിഭവം ആണ് തടി. പത്താമുദയത്തിനല്ലെതെയും വീടുകളില്‍ നിന്നും ചെറിയ തടികള്‍ ഉണ്ടാക്കി നിവേദ്യം കഴിച്ചു കൊണ്ടുപോകാറുണ്ട്. (ഈ മാസം ആദ്യം വൈക്കത്തുപോയപ്പോൾ ഇതു കഴിക്കാനുള്ള ഭാഗ്യം ലഭിച്ചു) എല്ലാവർഷവും മണ്ഡലക്കാലം അവസാനമായ ധനു പതിനൊന്നിന് രാത്രി വടക്കുപുറത്ത് വലിയഗുരുതി നടത്തിവരുന്നു. ഗുരുതി കഴിഞ്ഞ് ഏഴ് ദിവസം നടയടയ്ക്കും. കാലാക്കൽ കാവുടയോൻ എല്ലാവരേയും അനുഗ്രഹിക്കട്ടെ!!!

Tuesday, April 17, 2018

KUDMALOOR DEVI TEMPLE

കുടമാളൂർ കരികുളങ്ങരഭഗവതീ ക്ഷേത്രം (മൂത്തേടത്ത് കാവ്) കോട്ടയം അയ്മനം പഞ്ചായത്തിൽ, കുടമാളൂരിൽ അമ്പാടിക്കവലയിൽ നിന്നും കഷ്ടിച്ച് അരകിലോ മീററ൪ പടിഞ്ഞാറായി സ്ഥിതി ചെയ്യുന്നു. തിരുവിതാംകൂ൪ ദേവസ്വം ബോ൪ഡ് രവീശ്വരൻ ക്ഷേത്രത്തിനു കീഴിൽ തന്ത്രം: കടിയക്കോൽ മന പ്രധാന പ്രതിഷ്ഠ: ഭദ്രകാളി ഉപ ദേവകൾ – ആലിങ്കൽഭഗവതി,പൂര ഭഗവതി, യക്ഷി, നാഗരാജാവ് പണ്ട് വടക്കോട്ട് ദർശനമായിരുന്നു. ദേവിയുടെ രൗദ്രഭാവം വർദ്ധിച്ചതിനാൽ നാട്ടിൽ പല അനർത്ഥങ്ങളും ഉണ്ടായതിനാൽ ഇപ്പോൾ കിഴക്കോട്ട്, കുളത്തിന്നഭിമുഖമായിട്ടാണ് ദർശനം. പഴയ ദർശനമനുസരിച്ച് ബലിക്കൽപുര ഇപ്പോഴും വടക്കുഭാഗത്തു തന്നെയാണ് എന്നു ള്ളത് ഇതിനെ സ്ഥിരീകരിക്കുന്നു. കൊടിമരവും കൊടികയറി ഉത്സവവും ഇല്ല. മീനമാസം പൂരത്തിന്, മഞ്ഞളിടിയും ' നടക്കുന്നു. പൂര ഭഗവതിയുടെ മുമ്പിലാണ് മഞ്ഞളിടി. മേൽശാന്തി മഞ്ഞൾ ഇടിക്കുമ്പോൾ അനേകം ബാലികമാർ മുന്നിലിരിക്കും. അവരുടെ മേൽ മഞ്ഞൾ പൊടി വീഴുന്നത്, മംഗളമാണെന്ന് വിശ്വസിക്കുന്നു രണ്ടു വര്‍ഷമായി ദശ മഹാവിദ്യ ചന്ദനം ചാര്‍ത്ത് നടത്തുന്നു. വിഷുവിന്‍റെ തലേ ദിവസം തീരതക്ക വിധം പത്തു ദിവസമാണ് ഇത്. ഈ വര്ഷം ഏപ്രില്‍ അഞ്ചു മുതല്‍ പതിനാല് വരെ. ഓരോ ദിവസവും താഴെപ്പറയുന്ന ഭാവങ്ങളാണ്. 1 കാളി 2 താരാ 3 ത്രിപുര സുന്ദരി 4 ഭുവനേശ്വരി 5 ഭൈരവി 6 ചിന്നമാസ്താ 7 ധൂമാവതി 9 കമലാദേവി 10 മാതംഗി വിഷുവിന്, രാവിലെ കുംഭകുടം. രാത്രി ഗുരുതിയും ഗരുഡൻ തൂക്കവും. രാത്രി ഗുരുതി കഴിഞ്ഞാല്‍ ദേവി മധുരയ്ക്ക് പോകുന്നു എന്ന സങ്കല്‍പ്പത്തില്‍ നടയടക്കുന്നു. പിന്നീട് ക൪ക്കിടകം ഒന്നിനാണ് നടതുറക്കുന്നത് അന്ന് താലപ്പൊലിയും ആഘോഷവും ഉണ്ടാകും. കരികുളങ്ങര ഭഗവതി എല്ലാവരെയും അനുഗ്രഹിക്കട്ടെ!!!

Sunday, April 15, 2018

VAIKOM

ഇന്ന് ചാത്തങ്കുടി ഭഗവതി ക്ഷേത്രത്തിൽ ഗരുഡൻ തൂക്കം വൈക്കം കവലയിൽ നിന്നും വടക്കോട്ട് 2കിലോമീറ്റർ ഉദയനാപുരം ബസ്സ്റ്റോപ്പിന് മുമ്പ് ഇടതു വശത്തായി ചാത്തങ്കുടി ഭഗവതി ക്ഷേത്രം സ്ഥിതി ചെയ്യുന്നു. അറുനൂറിൽപരം വർഷങ്ങളുടെ പഴക്കം. ഉടമസ്ഥാവകാശവും തന്ത്രവും മോനാട്ടു മന. പടിഞ്ഞാറു ദർശനം. ശ്രീ കോവിലിന് തെക്കുവശം ഗണപതി. (ശ്രീകോവിലിൽ തന്നെയായിരുന്ന ഗണപതി വിഗ്രഹം പ്രശ്ന വിധിയെ തുടർന്ന്, ശ്രീകോവിലിനോട് ചേർന്ന് തെക്കുവശത്ത് ചെറിയ ഒരു ആലയം ഉണ്ടാക്കി പ്രതിഷ്ഠിച്ചു). പുറത്ത് വടക്കുവശത്ത് നാഗരാജാവ്, ചാത്തൻ സ്വാമി, യക്ഷിയമ്മ. വഴിപാടുകൾ: ഗുരുതി, കരിങ്കുരുതി, പുഷ്പാഞ്ജലികൾ, നെയ് പായസം. അറനാഴി പ്രധാന വഴിപാടാണ്. ( ചൊവ്വ, വെള്ളി, ഞായർ ദിവസങ്ങളിൽ അറ നാഴിക്ക്, നല്ല തിരക്കാണ് ) ചാത്തന് അട നിവേദ്യവും നടന്നു വരുന്നു. ഇത് വിഷു കർക്കിടക മകരസംക്രമ ദിവസങ്ങളിലാണ്. ഇതിനു നേരത്തെതന്നെ ബുക്ക് ചെയ്ത് വൻ തിരക്കനുഭവപ്പെടുന്നു. മീനം 25ന് ഗരുഡൻ തൂക്കം ഗംഭീരമായി ആഘോഷിക്കുന്നു. ഇതിനു മുന്നോടിയായി, 13 മുതൽ 24 വരെ കളമെഴുത്തും പാട്ടും നടക്കുന്നു ആദ്യ മൂന്നു ദിവസം നാഗരാജാവിന്റെയും നാഗയക്ഷിയുടെയും കളം. ഈ മൂന്നു ദിവസവും സർപ്പക്കാവിൽ തളിച്ചു കൊടയ്ക്കു ശേഷം കളം മായ്ച്ച് പൊടി ഭക്തർക്ക് വിതരണം ചെയ്യുന്നു. 16 മുതല്‍ ദേവിയുടെയും ശാസ്താവിന്റെയും കളമാണ് വരയ്ക്കുന്നത്16 മുതൽ 24 വരെ രാത്രി താലപ്പൊലി. ക്ഷേത്രത്തിൽ നിന്നും അഞ്ഞൂറു മീറ്റർ അകലെയുള്ള ആൽ ചുവട്ടിലേക്ക് ദേവി എഴുന്നള്ളും. അവിടെ നിന്നും താലപ്പൊലിയുടെ അകമ്പടിയോടെ ക്ഷേത്രത്തിൽ തിരിച്ചെത്തി ദേവിയെ കളത്തിൽ ഇരുത്തി, പൂജയ്ക്കു ശേഷം ദേവിയെ ശ്രീകോവിലിൽ എഴുന്നള്ളിക്കും. പാട്ടിനു ശേഷം കളം മായ്ച്ച് പൊടി ഭക്തർക്കു നൽകുന്നു. തേരോഴി രാമകുറുപ്പാണ് കളം എഴുതുന്നതിനും പാട്ടിനും നേതൃത്വം നൽകുന്നത്. 25ന് ഗരുഡൻ തൂക്കം. തൂക്കം വഴിപാട് നടത്തുന്നവരുടെ വീടുകളിൽ തലേദിവസം തന്നെ തിരക്ക് തുടങ്ങും. ബന്ധുമിത്രാദികൾ എല്ലാം വന്നു ചേരും. ചിലർ ഇരട്ട തൂക്കമാണ് നടത്തുക. ഒരു ചാടിൽ രണ്ടു ഗരുഡൻ. ക്ഷേത്രത്തില്‍ ഒരു ഗരുഡനു ഒരു അറനാഴി വീതം നടത്തണം. ഗരുഡ വേഷക്കാർ അതി രാവിലെ ക്ഷേത്രത്തിൽ വന്ന് കാപ്പ് കെട്ടുന്നു.വൈകിട്ട് വഴിവാട് കാരന്‍റെ വീട്ടിൽ മണിക്കൂറുകള്‍ ഗരുഡന്‍ പയറ്റുകള്‍ ഉണ്ടാകും. അതിനു ശേഷം ചാടില്‍ കയറി മേളത്തിന്റെ അകമ്പടിയോടെ ക്ഷേത്രത്തിലേക്ക് പുറപ്പെടുന്നു. എല്ലാ തൂക്കങ്ങളും രാത്രി പതി നൊന്നു മണിയോടെ ക്ഷേത്രത്തിനു മുമ്പിലുള്ള പാടത്തിൽ അണിനിരക്കും. അവിടെ എല്ലാ തൂക്കങ്ങളുടെയും മേളക്കാർ ചേർന്ന് നടത്തുന്ന മേളത്തിനൊപ്പം ഗരുഡന്മാർ പയറ്റു നടത്തുന്നു. പിന്നീട് ക്ഷേത്രത്തിന് പ്രദിക്ഷണം വച്ച് ഗരുഡൻമാർ തെക്ക് പടിഞ്ഞാറെ മൂലയിലെ സ്റ്റേജിൽ ചാടിൽ നിന്നും കയറി നിൽക്കുന്നു. അൽപ്പസമയത്തെ മേള വിസ്താരത്തിനു ശേഷം നടന്ന്പ്രദിക്ഷണം വച്ചു നടയിൽ നമസ്കരിക്കുന്നതോടു കൂടി,ചടങ്ങുകൾ വെളുപ്പിന് നാലു മണിയോടെ അവസാനിക്കുന്നു. ഈ വർഷം പതിനാറു ചാടിൽ ഇരുപത്തിനാലു ഗരുഡൻ ആണ് വഴിപാടാക്കിയിരിക്കുന്നത്. എല്ലാവർഷവും കരക്കാരുടെ തൂക്കം ഉണ്ടാകും. ആദ്യം ക്ഷേത്രത്തിൽ പ്രവേശിക്കാനുള്ള അവകാശം അവർക്കാണ്. മീനഭരണി കുംഭകുടം വിപുലമായി ആഘോഷിക്കുന്നു ഉത്സവം 1999ൽ ധ്വജ പ്രതിഷ്ഠ നടന്നു. വിജയദശമി ദിവസം ആറാട്ട് വരത്തക്കവണ്ണം എട്ടു ദിവസത്തെ ഉത്സവം. ആര്‍ഭാടങ്ങളെക്കാള്‍ ആചാരങ്ങള്‍ക്കും അനുഷ്ഠാനങ്ങള്‍ക്കും പ്രാധാന്യം നല്‍കി വരുന്നു. എന്റ തറവാടായ വയലാറ്റുമഠത്തിൽ നിന്നും വിളിപ്പാടകലെയാണ് ഈ ക്ഷേത്രം. എനിക്ക് ഓർമ്മ വച്ചപ്പോഴുള്ള ക്ഷേത്രത്തെ ക്കാൾ വളരെ അധികം പുരോഗമന പ്രവർത്തനങ്ങൾ നടന്നു കഴിഞ്ഞു. പഴക്കം ചെന്ന ഓട് കെട്ടിടം, പഴയ അളവിന് ഒരു വ്യത്യാസവും വരാതെയാണ് പുനർനിർമ്മാണം നടത്തിയിരിക്കുന്നത്. അടുത്ത കാലത്താണ് ശ്രീകോവിൽ ചെമ്പോല പൊതിഞ്ഞത്. വാദ്യ വിദഗ്ദരായ ശ്രീ തേരോഴി രാമകുറുപ്പ് (എൻറ ക്ലാസ് മേറ്റ് ) മക്കൾ ഉദയനാപുരം ഉണ്ണികൃഷ്ണൻ, ഹരി, വൈക്കം ചന്ദ്രൻ മാരാർ, ഇവർ കുട്ടിക്കാലം മുതൽ ഈ ക്ഷേത്രവുമായി ഇഴുകി ചേർന്ന് ജീവിക്കുന്നു. വൈക്കം വിജയലക്ഷ്മി അരങ്ങേറ്റം നടത്തിയതും ഈ ക്ഷേത്രത്തിലാണ്. ഭക്തരുടെ ദുഖങ്ങൾ അകറ്റി കരുണാമയി ആയി വാണരുളുന്നു. ആപദീ കരണീയം സ്മരണീയം ചരണ യുഗളാം അംബായാം. ദുഖങ്ങൾക്കറുതി വരുത്താൻ ആ പാദങ്ങളിൽ നമസ്കരിക്കുന്നു. ഈ പുണ്യദിനത്തിൽ ദേവി എല്ലാവരിലും അനുഗ്രഹം ചൊരിയട്ടെ. അമ്മേ നാരായണാ! ദേവീ നാരായണാ!!

VAIKOM

വൈക്കം മൂത്തേടത്തുകാവിൽ വലിയ തീയ്യാട്ട്, തെക്കുപുറത്ത് ഗുരുതി, ആഴി, അരിയെറിച്ചിൽ, മൂന്ന് മാസത്തേക്ക് നടയടപ്പ് വളരെ അധികം പഴക്കമുള്ള ക്ഷേത്രമാണ് മൂത്തേടത്തു കാവ് ഭഗവതി ക്ഷേത്രം. വൈക്കത്തുനിന്നും അഞ്ചു കിലോമീറ്റർ അകലെ TV പുരം (തിരുമണി വെങ്കിടപുരം) പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നു. ഊരാണ്മ ഇണ്ടന്തുരുത്തി, മുരിങ്ങൂർ, ആനത്താനം എന്നീ മൂന്ന് മനക്കാർക്കാണ്. ഒരോരുത്തർക്കും മൂന്ന് വർഷം വീതം. ഈ വിഷുവിന് ഇണ്ടന്തുരുത്തിയുടെ കാലാവുധി തീരും. കർക്കിടകം ഒന്നു മുതൽ മുരിങ്ങൂർ ഇല്ലക്കാർക്ക്. മൂന്ന് വർഷത്തിനുശേഷം ആനത്താനം ഇല്ലത്തിന്. മേടം ഒന്നു മുതൽ കർക്കിടകം ഒന്നു വരെ ദേവി മധുരക്ക് പോകുന്നതിനാൽ മൂന്നു മാസം നടതുറക്കുകയില്ല. തന്ത്രം മോനാട്ട് മന ഉദയനാപുരം. ഭദ്രകാളിയാണ് പ്രതിഷ്ട. ഉപദേവകൾ: കൊടും കാളി, രക്ഷസ്, നാഗങ്ങൾ, വെളിച്ചപ്പാടന്മാർ, (മൺ മറഞ്ഞവർ സങ്കല്പം). മിക്ക ദിവസവും തെക്കുപുറത്ത് കൊടും കാളിക്ക് ഗുരുതി നടക്കുന്നു. ഇത് ഭക്തർ വഴിപാടായിട്ടാണ് നടത്തുന്നത്. വെളിച്ചപ്പാടാണ് നടത്തുന്നത്. ഉത്സവം: മീനം ഒന്നിന് കൊടികയറി പത്തിന് ആറാട്ട്. ഉത്സവക്കാലത്ത് ദേവി വൈക്കം, ഉദയനാപുരം ക്ഷേത്രങ്ങളിലേക്കു എഴുന്നള്ളും. കൂടാതെ ഇണ്ടന്തുരുത്തി ഇല്ലത്തേക്കും തന്ത്രി ഇല്ലമായ മോനാട്ട് മനയിലേക്കും എഴുന്നള്ളുന്നു. ഈ നാലു സ്ഥലത്തും ഇറക്കി എഴുന്നള്ളിപ്പും പ്രത്യേക പൂജയും ഉണ്ട്. മീനം ഒന്ന് മുതൽ മുപ്പതു വരെ ദിവസവും കളം എഴുത്തും പാട്ടും, ചെറിയ തീയ്യാട്ടും നടക്കുന്നു. വിഷുദിവസം തെക്കുപുറത്ത് ഗുരുതി കഴിഞ്ഞ് വലിയ തീയ്യാട്ട് നടക്കുമ്പോൾ അകത്ത് അരി തയ്യാറാക്കി വച്ചിട്ടുണ്ടാകും. തീയ്യാട്ട് പരിസമാപ്തിയാകുമ്പോൾ വെളിച്ചപ്പാടിന് ദേവിയുടെ ആവേശം ഉണ്ടായി തീയ്യാട്ടു വേഷത്തോടു കൂടി തിയ്യാട്ടുണ്ണിയുമായി പ്രദിക്ഷണം വച്ച് നടയ്ക്കൽ വന്നാൽ മൂന്ന് പ്രാവശ്യം അരി ശ്രീകോവിലിലേക്ക് എറിയും. മൂന്നാം പ്രാവശ്യം എറിയുന്നതോടു കൂടി അടയ്ക്കുന്ന നട കർക്കിടകം ഒന്നിനെ തുറക്കൂ. പൊതിക്കാത്ത ഉണങ്ങിയ നാളികേരം കൊണ്ട് ആഴി നടക്കുന്നു. നിരപരാധിയായ കോവിലനെ, ശിരഛേദം ചെയ്തു വധിച്ചതിൽ ഉള്ളു നൊന്ത കണ്ണകിയുടെ കോപാഗ്നിയിൽ മധുരം പട്ടണം വെണ്ണീറാക്കിയതിനെ സ്മരിക്കുന്ന ആചാരമായിട്ടാണ് ആഴി നടത്തുന്നത്. മീനമാസം ആദ്യം മുതൽ തന്നെ ഭക്തജനങ്ങൾ ഉണക്കത്തേങ്ങകൾ കൊടിമരച്ചുവട്ടിൽ സമർപ്പിച്ചു തുടങ്ങുന്നു. വൈക്കത്തപ്പന്റെ പുത്രിയായിട്ടാണ് സങ്കൽപ്പം വൈക്കത്തഷ്ടമിക്കു നടപ്പന്തലിൽ വൈക്കത്തപ്പന്റ വലതു വശത്ത് ഉദയനാപുരത്തപ്പനും ഉദയനാപുരത്തപ്പനോടുമൊപ്പം മൂർത്തേടത്തു കാവിലമ്മയും പങ്കെടുക്കുന്നു. പന്ത്രണ്ട് വർഷത്തിലൊരിക്കൽ വൈക്കം ക്ഷേത്രത്തിൽ നടക്കുന്ന വടക്കുപുറത്തു പാട്ടിന്റെ ഭാഗമായി ഉദയനാപുരം ക്ഷേത്രത്തിൽ നിന്നും ദേശതാലപ്പൊലി മൂത്തേടത്തു കാവിലേക്ക് വരുന്ന പതിവുണ്ട്. പന്ത്രണ്ടു വർഷത്തിലൊരിക്കൽ ക്ഷേത്രത്തിൽ 12 ദിവസം വടക്കുപുറത്ത് ദേശ ഗുരുതി നടത്തുന്നു. ഇത് തീയ്യാട്ടുണ്ണിയാണ് നടക്കുന്നു. (വൈക്കത്തു വടക്കു പുറത്തു പാട്ട് കഴിഞ്ഞ് തൊട്ടടുത്ത വർഷമാണ് ഇത് നടത്തുന്നത്. അവസാനം നടന്നത് രണ്ടായിരത്തി പതിനാല് ജനുവരിയിലാണ്) കിഴക്ക് വശത്ത് മേൽശാന്തി നടത്തിയിരുന്ന ഗുരുതിയും കൊടിമര വാഹനത്തിൽ തന്ത്രി നടത്തിയിരുന്ന ഗുരുതിയും ഇപ്പോൾ നടക്കാറില്ല. വിഷുവിന്റ തലേദിവസം അല്ലെങ്കിൽ അതിനും ഒരു ദിവസം മുമ്പേയാണ്(ചിലവർഷങ്ങളിൽ തലേ ദിവസം കാവിളവുള്ള ദിവസമാകുമ്പോൾ) ഗരുഡൻ തൂക്കം നടക്കുന്നത്. മൂത്തേടത്തു കാവിലമ്മ എല്ലാവരേയും അനുഗ്രഹിക്കട്ടെ !!! കോട്ടയം കുടമാളൂരിൽ കരികുളങ്ങര (മൂത്തേടത്തുകാവ്) ദേവീക്ഷേത്രത്തിലും, ദേവി വിഷുദിവസം മധുരയ്ക്ക് പോയി കർക്കിടകം ഒന്നിനു തിരിച്ചു വരുന്നത് വരെ നട തുറക്കില്ല. നീലകുന്ദള എന്നൊരു ഗന്ധര്‍വ കുമാരി ഉണ്ടായിരുന്നു. ഒരു പ്രദോഷ ദിവസം അഗസ്ത്യമുനിയും മറ്റും വൈക്കത്തപ്പന്റെ ദര്‍ശനം കഴിഞ്ഞു മടങ്ങുമ്പോള്‍ നീലകുന്ദളയും പരിവാരങ്ങളും മുനി മാരെ പരിഹസിച്ചു ഉച്ചത്തില്‍ ചിരിച്ചു കൊണ്ടിരുന്നു. മുനി മാര്‍ക്ക് ഇത് വളരെ അസഹനീയമായി തോന്നി. അവള്‍ വൈക്കത്തപ്പനെ പരിഹസിച്ച് ആര്‍ത്തട്ടഹസിച്ചു. അഗസ്ത്യര്‍ അവളെ രാക്ഷസിയാകട്ടെ എന്ന് ശപിച്ചു. ശാപമോക്ഷത്തിനപേഷിച്ചപ്പോള്‍ എണ്പത്തിയാറു വര്‍ഷങ്ങള്‍ക്കുശേഷം ഈ വ്യാഘ്രപാദപുരത്ത് വെച്ച് നിനക്ക് ശാപ മോക്ഷം ലഭിക്കുമെന്ന് പറഞ്ഞു. രാക്ഷസിയുടെ ഉപദ്രവം വളരെ ക്രൂരമായിരുന്നു. ഭക്തജനങ്ങള്‍ക്ക്‌ വഴി നടക്കാന്‍ പോലും പറ്റാത്ത അവസ്ഥയായി. നേരിട്ട് ആക്രമിക്കാന്‍ സാദ്ധ്യമല്ലാത്ത വിധമുള്ള ശക്തിയായിരുന്നു രാക്ഷസിയ്ക്ക്. അഗസ്ത്യര്‍ നിഷ്കര്‍ഷിച്ച സമയം അടുത്തു വരികയായിരുന്നു. ഒപ്പം രാക്ഷസിയുടെ ഉപദ്രവവും, ഏറി വന്നു. സഹിക്കാന്‍ വയ്യാതെ വന്നപ്പോള്‍ വൈക്കത്തപ്പന്‍ ഗണപതിയെ ആണ് അവളെ വധിക്കാന്‍ നിയോഗിച്ചത്. നേർക്കു നേർ ഒരാക്രമണം സാദ്ധ്യമല്ല എന്നറിഞ്ഞ ഗണപതി തൂണില്‍ മറഞ്ഞു നിന്ന് ഒരു ശൂലം രാക്ഷസിയെ ലക്ഷ്യമാക്കി എറിഞ്ഞു. രാക്ഷസിയുടെ ഉടല്‍ ഭാഗം വൈക്കം ക്ഷേത്രമതില്‍ക്കകത്ത് തന്നെയുള്ള പനച്ചിക്കല്‍ നടയിലും കാല്‍ ഭാഗം തെക്കുംചേരിയിലും തല ഭാഗം കൂട്ടുമേലും പതിച്ചു. വൈക്കത്തപ്പന്‍ മൂന്ന് സ്ഥലങ്ങളിലും തന്‍റെ പുത്രീഭാവത്തില്‍ ദേവിമാരായി കുടി കൊള്ളുവാന്‍ അനുഗ്രഹിച്ചു. തന്‍റെ ഉത്സവസമയം പുത്രിമാരെ സന്ദര്‍ശിക്കുന്ന സങ്കല്‍പ്പത്തിലാണ് വടക്കുംചേരി തെക്കുംചേരി എഴുന്നെള്ളിപ്പിന് ഒന്‍പതാം ഉത്സവം രാത്രി വിളക്കാണ് തെക്കുംചേരി എഴുന്നളത്തായി പോകുന്നത്. തെക്കുംചേരി ക്ഷേത്രം വൈക്കം ക്ഷേത്രത്തിനു സമീപം തന്നെയാണ്. ബലിക്കൽ പുരയുടെ വടക്കുവശത്തുള്ള തൂണിന്മേൽ ഗണപതിയെ വണങ്ങിയെ ഭക്തർ അകത്തു പ്രവേശിക്കാറുള്ളൂ

VAIKOM

ഇന്ന് ഉദയനാപുരത്തും കുമാരനല്ലൂരിലും കൊടിയേറ്റ് കുമാരനു വേണ്ടി പണിതീർത്ത ക്ഷേത്രത്തിൽ, മധുരമീനാക്ഷി കുടികൊണ്ടപ്പോൾ, അവിടെ പ്രതിഷ്ഠിക്കാൻ തയ്യാറാക്കിയ സുബ്രഹ്മണ്യ വിഗ്രഹം വൈക്കത്തിനടുത്ത് ഒരുദേവിയെ പ്രതിഷ്ഠിക്കാൻ പണി തീർത്ത ഉദയനായകീ പുരത്ത് പ്രതിഷ്ടിക്കുകയാണുണ്ടായത്. ഉദയനായകീപുരം ഉദയനാപുര മെന്നും, കുമാരനല്ല ഈ ഊര് കുമാരനല്ലൂർ എന്നും അറിയപ്പെട്ടു. രണ്ടിടത്തും വൃശ്ചികമാസത്തിലെ കാർത്തികയാണ് പ്രധാനം. ഉദയനാപുരം ക്ഷേത്രത്തിൽ തെക്കേ വാതിലുമാടത്തിൽ ദിവസവും കുമാരനല്ലൂരമ്മയെ സങ്കൽപ്പിച്ച് ഭഗവത്സേവ നടത്തി വരുന്നു. ഉദയനാപുരം ക്ഷേത്രത്തിൽ ആറാട്ട് വൈക്കം ആറാട്ടുകുളത്തിൽ ഡിസമ്പർ നാലിന് നടക്കും (വൈക്കം അഞ്ചാം ഉത്സവം). വൈക്കത്ത് അന്ന് കൂടിപ്പൂജയും കൂടിപ്പൂജവിളക്കിനും ശേഷം ഉദയനാപുരത്തപ്പൻ യാത്ര ചൊല്ലി മടങ്ങും. രണ്ടാം ഉത്സവം മുതൽ ദിവസവും ആറാട്ട് ഉണ്ടെന്നുള്ളത് എടുത്തു പറയേണ്ട പ്രത്യേകതയാണ്. സിസബർ നാലിന് പ്രധാന ആറോട്ടോടുകൂടി സമാപിക്കും.

VAIKOM

ഇന്നലെ വൈക്കത്തപ്പന്റ ആറാട്ട് ഉദയനാപുരത്ത് നടന്നു. വൈകുന്നേരം, കൊടിമരച്ചുവട്ടിൽ കൊടിക്കൂറ യിലെശക്തി ആവാഹിച്ചിറക്കിയ ശേഷം, ശ്രീകോവിൽ പൂട്ടിയതാക്കോലുമായി പുറപ്പെടുന്ന വൈക്കത്തപ്പൻ, ഉദയനാപുരം തെക്കേ ഗോപുരത്തിൽ എത്തുമ്പോൾ ഉദയനാപുരത്തപ്പൻ എതിരേൽക്കുന്നു.(ആറാട്ടിന് മൂലവിഗ്രഹത്തിടമ്പാണുപയോഗിക്കുന്നത്. അതിനാൽ മേൽശാന്തിയാണെഴുന്നള്ളിക്കുന്നത്). വൈക്കത്തപ്പൻ ഇരുമ്പൂഴിക്കരയിലുള്ള കുളത്തിൽ ആറാടിയ ശേഷം, ഉദയനാപുരത്ത് വന്ന് ശ്രീകോവിലിൽ കൂടി പൂജ നടക്കും. ഉദയനാപുരം വിഗ്രഹം നല്ല ഉയരമുള്ളതിനാൽ അച്ചന്റ സമീപം നിൽക്കുന്ന പുത്രനെ പോലെയാണ് തോന്നുക.(ഉദയനാപുരം ആറാട്ട് ഇതുപോലെ തന്നെ വൈക്കത്ത് നടക്കുന്നു. ശിവലിംഗം നല്ല ഉയരമുള്ളതിനാൽ അച്ചന്റ മടിയിൽ ഇരിക്കുന്ന പുത്രനെ പോലെയാണ് തോന്നുക) കൂടിപ്പൂജയ്ക്ക് ശേഷം രണ്ടുപേരും ചേർന്നുള്ള കൂടിപ്പൂജ വിളക്കും യാത്അയപ്പും കഴിഞ്ഞ് വൈക്കത്തപ്പൻ മടങ്ങുന്നു. മുക്കുടി നിവേദ്യം അഷ്ടമിച്ചടങ്ങുകൾ ആറാട്ടിന്റ പിറ്റേ ദിവസം രാവിലെ നടക്കുന്ന മുക്കുടി നിവേദ്യം. ഉത്സവക്കാലത്തെ ക്രമംതെറ്റിയുള്ള നിവേദ്യത്താലും മറ്റും വൈക്കത്തപ്പന് ദഹനക്കേട് ഉണ്ടായപ്പോൾ വെള്ളോട്ടില്ലത്തിലെ മൂസ്സതിന് ദർശനം നൽകി, മരുന്നിന്റെ രഹസ്യം പറഞ്ഞു കൊടുത്തുണ്ടാക്കിച്ചതാണ് മുക്കുടി. ഇത് രാവിലെ വൈക്കത്തപ്പന് നിവേദിച്ച ശേഷം ഭക്തർക്ക് വിതരണം ചെയ്യുന്നു. സർവ്വ രോഗസംഹാരി എന്ന് വിശ്വസിച്ചു പോരുന്ന മുക്കുടി എന്ന് വിശ്വസിച്ചു പോരുന്ന മുക്കുടി വാങ്ങാൻ നീണ്ട ക്യൂ ഉണ്ടാകും. (വൈക്കത്തുനിന്നും മടങ്ങിയെങ്കിലും ദൃശ്യങ്ങൾ അയച്ചു തന്ന ശങ്കർക്ക് കടപ്പാട്) ഹരി വയലാറ്റു മഠം

VAIKOM

ഇന്ന് വൈക്കത്തഷ്ടമി-- വൈക്കത്തപ്പൻ അനുഗ്രഹം ചൊരിയുന്ന ദിവസം. അതിസുന്ദരനും സദാ സമയം ശിവഭക്തിയിൽ മാത്രം മുഴുകിയിരുന്ന ഒരു ഗന്ധർവ്വനുണ്ടായിരുന്നു. വിഷ്ണുവിേനയും വിഷ്ണു ഭക്തരേയും പുശ്ചിച്ചിരുന്നു. ഒരു ദിവസം വിഷ്ണുവിനെ നേരിട്ടു കണ്ടപ്പോൾ വളരെ പരിഹസിച്ചു. നീ പുലിക്കാലോട് കൂടിയ വനാകട്ടെ! വിഷ്ണു ശപിച്ചു. ശാപമോക്ഷമായി ചിദംബരത്തുള്ള സ്വയംഭൂ ശിവലിംഗത്തെ ഭജിച്ചാൽ പഴയ രൂപം കിട്ടുമെന്ന് പറഞ്ഞു. അവിടെ പർണ്ണശാലകെട്ടി ഭജിച്ചു. വണ്ടുകളും ഈച്ചകളും നുകരാത്ത പൂക്കൾ മാത്രമേ പൂജയ്ക്കെടുക്കൂ എന്ന നിർബന്ധമുണ്ടായിരിന്നു. പുലിയുടെ കാലായതിനാൽ എത്ര ഉയരത്തിലും കയറാൻ സഹായകമായിരുന്നു.സംപ്രീതനായ പരമശിവൻ പ്രത്യക്ഷപെട്ട്, നീ വ്യാഘ്രപാദ മഹർഷി. എന്നറിയപ്പെടുമെന്നനുഗ്രഹിച്ചു. വ്യാഘ്രപാദ മഹർഷിക്ക്, പാവ്വതീ സമ്മേതനായി പരമശിവൻ ദർശനം നൽകിയ ദിനം. മഹർഷിയോട് എന്ത് വരമാണ് വേണ്ടതെന്ന് ചോദിച്ചപ്പോൾ "എല്ലാവർഷവും ഈ ദിവസം ദർശനത്തിനെത്തുന്ന ഭക്തർക്ക് അനുഗ്രഹ വർഷം ചൊരിയണമെന്നത് "മാത്രമായിരുന്നു. ഈ ദർശനപുണ്യം നേടാനാണ് പതിനായിരങ്ങൾ എത്തിചേരുന്നത്അന്നത്തെ പ്രാതൽ(പ്രസാദമൂട്ട്) കഴിക്കാൻ ഭക്തസഹസ്രങ്ങൾ നാനാഭാഗത്ത് നിന്നും എത്തുന്നു. ഉദയനാപുരത്തപ്പൻ തന്റ ജന്മ നിയോഗമായ താരകാസുരനിഗ്രഹത്തിനു പുറെപ്പട്ട ശേഷം, പുത്രന്റ വിജയത്തിനു വേണ്ടി, പതിനൊന്ന് ദിവസം ഭൂതഗണങ്ങൾക്ക് ബലി നൽകിയും ബ്രാഹ്മണ സദ്യയും, തന്റ ഭക്തർക്ക് എല്ലാ അനുഗ്രഹങ്ങളും വാരി ചൊരിഞ്ഞു കൊണ്ടുമിരിക്കുന്ന വൈക്കത്തപ്പൻ പന്ത്രണ്ടാം ഉത്സവമായ അഷ്ടമി ദിവസം പുത്രന്റ വിവരം അറിയാതെ ഉത്കണ്ഠയോടും ആകാംഷയോടും നിൽക്കുന്ന ഒരച്ചന്റ ഭാവത്തിലാണ്. നിരാഹാരനായിട്ടാണ് വൈക്കത്തപ്പൻ ഇന്ന്. രാവിലത്തെ ശ്രീബലി രാത്രി ആണ് എഴുന്നള്ളിക്കുന്നത്. രാത്രി ഒൻപത് മണിക്ക് കിഴക്കേ ആന പന്തലിൽ ഒരു വീക്കൻ ചെണ്ട മാത്രം, അതും ദീർഘമായ ഇടവേളയിൽ ഒരു മുട്ടുമാത്രം, ദുഃഖമഗ്നനായി നിൽക്കുന്നു. ഈ സമയം ഉദയനാപുരത്തപ്പൻ വിജയശ്രീലാളിതനായി വരുന്നു. അഷ്ടമിയുടെ ഏറ്റവും പ്രധാന ചടങ്ങാണ് ഉദയനാപുരത്തപ്പന്റ വരവ്. ഒപ്പം കൂട്ടുമേലമ്മ, ശ്രീനാരായണപുരം കൃഷ്ണൻ, മൂർത്തേടത്തു കാവിലമ്മ,ഇണ്ടംതുരുത്തിയമ്മ,പുഴവായിക്കുളങ്ങര കൃഷ്ണൻ, കിഴക്കും കാവിലമ്മ ടിവിപുരം ശ്രീരാമസ്വാമി തുടങ്ങിയ ദേവീ ദേവന്മാർ അകമ്പടി സേവിക്കും. ഈ വരവ് വൈക്കം ക്ഷേത്ര മതിൽക്കകത്ത് പ്രവേശിക്കുന്ന ഈ പ്രൗഢ ഗംഭീരമായ കാഴ്ച അവർണ്ണനീയമാണ്. ഇവർ വൈക്കത്തപ്പനൊപ്പം നിരന്ന് നിൽക്കുമ്പോൾ കറുകയിൽ കൈമ്മൾ പല്ലക്കിൽ വന്ന് ആദ്യം വലിയ കാണിക്ക സമർപ്പിച്ചു കഴിഞ്ഞാൽ ഭക്തസഹസ്രങ്ങൾ കാണിക്കയർപ്പിക്കുന്നു. അതിനു ശേഷം യാത്ര അയപ്പാണ്. അഞ്ചു പ്രാവശ്യം യാത്ര ചൊല്ലി ഉദയനാപുരത്തപ്പൻ മടങ്ങുന്നു. വൈക്കത്തപ്പൻ ദു:ഖ മഗ്നമായ നാദസ്വരത്തിന്റ അകമ്പടിയോടെ തിരിച്ചു വരുന്നു . ഈ രംഗങ്ങൾ തികച്ചും ഹൃദയ സ്പർശിയാണ്.(വീഡിയോ)അതിനു ശേഷമാണ് വൈക്കത്തപ്പൻറ പന്തീരടി,ഉച്ചപൂജ മുതൽ അന്താഴ ശീവേലി വരെയുള്ള ചടങ്ങുകൾ നടക്കുന്നത്. വൈക്കത്തപ്പൻ എല്ലാവരേയും അനുഗ്രഹിക്കട്ടെ!! ഹരി വയലാറ്റുമഠം